മറയൂര്‍ കാടുകളില്‍ അപൂര്‍വമായി കാണപ്പെടുന്ന അമൂല്യവും വിശേഷപ്പെട്ടതുമായ ചന്ദനമരമാണ് വിലായത്ത് ബുദ്ധ. ഗുണനിലവാരമുള്ള ലക്ഷണമൊത്ത ചന്ദനമരം. ബുദ്ധശില്പങ്ങള് നിര്‍മിക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. അങ്ങനെയാണ് ഈയിനത്തിനു വിലായത്ത് ബുദ്ധയെന്നു പേരുവീണത്.
അങ്ങനെയുള്ള വിലായത്ത് ബുദ്ധയെ വീട്ടുപറമ്പില്‍ പരിപാലിച്ചു വളര്‍ത്തുന്ന മറയൂരിലെ റിട്ട. അധ്യാപകനും മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ ഭാസ്കരനും ആ ചന്ദനമരം മോഷ്ടിക്കുമെന്ന് ഭാസ്കരന് മാസ്റ്ററെ പരസ്യമായി വെല്ലുവിളിച്ച അദ്ദേഹത്തിന്റെ ശിഷ്യന് ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കടത്തുകാരനും തമ്മിലുള്ള പോരാട്ടത്തിന്റെയും പ്രതികാരത്തിന്റെയും സംഭവബഹുലമായ നാള്വഴിച്ചിത്രമാണു വിലായത്ത് ബുദ്ധ.
ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം. അയ്യപ്പനും കോശിയും എഴുതി സംവിധാനം ചെയ്ത സച്ചിയുടെ ശിഷ്യന് ജയന് നമ്പ്യാര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം. പക്ഷേ, അയ്യപ്പനും കോശിയുമായി വിലായത്ത് ബുദ്ധയെ താരതമ്യം ചെയ്യാന്‍ മുതിര്‍ന്നാല്‍ സച്ചിയുടെ തട്ട് താണുതന്നെയിരിക്കും. അതാണു സച്ചിയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്. അതങ്ങനെ തന്നെ തുടരട്ടെ.